മുംബൈ: അടിക്കടിയുണ്ടായിക്കൊണ്ടിരിക്കുന്ന പെട്രോള്‍ വില വര്‍ദ്ധനവില്‍ പൊറുതിമുട്ടിയിരിക്കുകയാണല്ലോ നാം. എന്നാലിതാ ഒരു സന്തോഷ വാര്‍ത്ത. പ്ലാസ്റ്റിക്കില്‍ നിന്ന് പെട്രോള്‍ ഉണ്ടാക്കിയിരിക്കുന്നു! ദശാബ്ദം നീണ്ട പരീക്ഷണങ്ങളാണിപ്പോള്‍ വിജയം കണ്ടിരിക്കുന്നത്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പെട്രോളിയ (ഐ.ഐ.പി)ത്തിലെ ശാസ്ത്രഞ്ജരാണ് ഈ മഹത്തായ നേട്ടത്തിന് പിന്നില്‍.ഭൂമിയുടെ ശാപമായ പ്ലാസ്റ്റിക്കില്‍ നിന്നാണ് തീര്‍ത്തും പരിസ്ഥിതി സൗഹൃദമായി ഈ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തു എന്നത് എടുത്ത് പറയേണ്ട കാര്യം തന്നെയാണ്.
മധുകര്‍ ഓംക്രനാഥ് ഗര്‍ഗിന്റെ നേതൃത്വത്തില്‍ ഐ.ഐ.പിയിലെ ആറംഗങ്ങളുള്ള ശാസ്ത്രഞ്ജരുടെ സംഘമാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.
ഉത്തോലകങ്ങളുടെ സങ്കലനത്തിലൂടെ പെട്രോളിനെ ഡീസലിലേക്കും മറ്റു പെട്രോളിയം ഉല്‍പന്നങ്ങളിലേക്കും ഇതിലൂടെ മാറ്റാന്‍ സാധിക്കും. എല്‍.പി.ജിയാണ് ഇതിന്റെ ഉപോല്‍പന്നമായി ലഭിക്കുക.
ഉപേക്ഷിക്കപ്പെട്ട പ്ലാസ്റ്റിക്കില്‍ നിന്ന് പെട്രോള്‍ ഉണ്ടാക്കുന്ന ഈ സാങ്കേതിക വിദ്യ വിപണന സാധ്യതയനുസരിച്ച് വലിയ അളവില്‍ ഉല്‍പാദിപ്പിക്കുകയാണ് അടുത്ത ലക്ഷ്യമെന്ന് ഐ.ഐ.പി വക്താവ് എസ്.കെ ശര്‍മ്മ പറയുന്നു.
